Trending

പകൽ പെയിന്റിങ്, രാത്രി കവർച്ച; എടിഎം പൊളിക്കുന്നതിനിടെ യുവാവ് പിടിയിൽ.


കുന്ദമംഗലം: ചാത്തമംഗലം കളൻതോടിൽ എടിഎം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശി ബാബുൽ (25) ആണ് കുന്ദമംഗലം പൊലീസിൻ്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത്.

കുന്ദമംഗലം എസ്ഐ പ്രദീപ് സംഘവും പുലർച്ചെ ഇതുവഴി പൊലീസ് പട്രോൾ നടത്തുകയായിരുന്നു. കളൻതോട് എടിഎമ്മിന്റെ പരിസരത്ത് അസ്വാഭാവികത തോന്നിയ എസ്ഐ പ്രദീപ് നോക്കുമ്പോൾ എടിഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജീപ്പ് നിർത്തി എടിഎം കൗണ്ടറിൽ പോയി നോക്കുമ്പോൾ ഉള്ളിൽ നിന്നും പൂട്ടിയതായി കണ്ടു. പൊലീസുകാർ ഷട്ടറിൽ ബലമായി തട്ടിയപ്പോൾ ഉള്ളിലുള്ളയാൾ ഷട്ടർ തുറന്നു. അപ്പോഴാണ് മോഷണ ശ്രമമാണ് നടന്നതെന്ന് പൊലീസിന് മനസ്സിലായത്. 

മോഷ്ടാവ് പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ അവസരോചിതമായ ഇടപെടലിൽ ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ പിടികൂടി. പൊലീസിന്റെ ശ്രദ്ധ അൽപം തെറ്റിയിരുന്നെങ്കിൽ എടിഎം മെഷിൻ പൊളിച്ച് മോഷ്ടാവിന് പണം കവരുവാൻ കഴിയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തിരുന്നു.

രണ്ട് മാസം മുമ്പാണ് പിടിയിലായ ബാബുൽ കളൻതോട് എത്തിയത്. ഇവിടെ വാടക ക്വാർട്ടേഴ്സ് എടുത്ത് പെയിന്റിങ് ജോലി ചെയ്യുന്നതിനൊപ്പം എടിഎം തകർത്ത് മോഷണം നടത്താനുള്ള ആസൂത്രണവും ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശ്രദ്ധയൊന്നു പാളിയിരുന്നെങ്കിൽ നടക്കുമായിരുന്ന വലിയൊരു മോഷണമാണ് പൊലീസിൻ്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത്.

Post a Comment

Previous Post Next Post