ബാലുശ്ശേരി: കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കവാടം കടക്കുമ്പോൾ അതിരറ്റ ഭാഗ്യം ഇല്ലെങ്കിൽ വീണു കിടപ്പിലാകും. റോഡ് നവീകരണത്തിൻ്റെ ഭാഗമായി സ്കൂൾ കവാടത്തിലെ ഓവുചാലിനു മുകളിൽ സ്ഥാപിച്ച ഗ്രിൽസാണ് ആളുകളെ വീഴുത്തി വലിയ അപകട ഭീഷണി ഉയർത്തുന്നത്. സ്‌കൂൾ ഗ്രൗണ്ടിൽ നിന്നുള്ള വെള്ളം ഓവുചാലിയ്ക്ക് ഒഴുക്കുന്നതിനുവേണ്ടിയാണ് ഇരുമ്പ് ഗ്രിൽസ് സ്ഥാപിച്ചത്. എന്നാൽ സാധാരണ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ചല്ല ഓവുചാലിന് മുകളിലെ ഗ്രിൽ നിർമ്മിച്ചത്. ഇതുകാരണം രക്ഷിതാക്കളും കുട്ടികളും വഴുതി വീഴുന്നത് പതിവായിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സ്കൂളിൽ എത്തിയ അമ്മയും, മകളും ഇവിടെ വീണിരുന്നു. മറ്റൊരു വിദ്യാർത്ഥിക്ക് വീണ് മുൻനിരയിലെ പല്ല് പൊട്ടുകയും ചെയ്തിരുന്നു. റോഡിൻ്റെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ആളുകൾക്ക് വീണു പരുക്കേൽക്കുന്ന സാഹചര്യം വരില്ലെന്നായിരുന്നു സ്കൂൾ അധികൃതരും നാട്ടുകാരും പറയുന്നത്.