പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാറും ജീപ്പും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കിഴക്കൻ പേരാമ്പ്ര വടക്കേ പറമ്പിൽ മല്ലിക (49), പീടികയുള്ള പറമ്പിൽ ഫൗസിയ (39), പൈതോത്ത് കോരങ്കണ്ടി മൊയ്‌തി (73), തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പൈതോത്ത് റോഡ് ജംഗ്ഷനിൽ ആണ് അപകടം.
കിഴക്കൻ പേരാമ്പ്രയിൽ നിന്നും പേരാമ്പ്രയിലേക്ക് സർവീസ് നടത്തുന്ന ജീപ്പിൽ കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് കറങ്ങി തിരിഞ്ഞു ഡിവൈഡറിൽ തട്ടിയാണ് നിന്നത്. ജീപ്പിൽ നിന്നും തെറിച്ചു റോഡിൽ വീണാണ് സ്ത്രീകൾക്ക് പരിക്കേറ്റത്. പരിക്കേറ്റവർ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.