Trending

പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതിക്കെണി സ്ഥാപിച്ചയാൾ അറസ്റ്റിൽ.


കുറ്റ്യാടി: മരുതോങ്കര പശുക്കടവ് കോങ്ങോടു മലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പശുക്കടവ് ചീരമറ്റം ദിലീപ് എന്ന ലിനീഷാണ് അറസ്റ്റിലായത്. പശുക്കടവിലെ കോങ്ങാട് ചൂളപ്പറമ്പിൽ ബോബി(43)യെയും വളർത്തുപശുവിനെയും ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.

കേഴമാനിനെ പിടികൂടാനായി ലിനീഷ് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റാണ് ബോബി മരിച്ചതെന്നും ചത്ത പശുവിന് ഷോക്കേറ്റത് ഇതേ കെണിയില്‍ നിന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിനായി ലിനീഷ് ശ്രമിച്ചതായും കണ്ടെത്തി. ഇന്നലെ രാത്രി ഇയാളെ പശുക്കടവിലെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ വൈദ്യുതി കെണിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നേരത്തെയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ പ്രതിയാണ് അറസ്റ്റിലായ ലിനീഷ്.

വെള്ളിയാഴ്ച വൈകീട്ടാണ് ബോബിയെ കാണാതായത്. വന്യജീവി ആക്രമണത്തിനിരയായോ എന്നായിരുന്നു ആദ്യസംശയം. നാട്ടുകാർ, പോലീസ്, അഗ്നിരക്ഷാസേന, വനം വകുപ്പ് എന്നിവര്‍ ചേർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ വീടിനു സമീപത്തെ കൊക്കോ തോട്ടത്തിലാണ് ബോബിയുടെയും പശുവിന്റെയും മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post