ചേളന്നൂർ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടൽ ജീവനക്കാരനും തമ്മിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് ഗുരുതര പരിക്ക്. ചേളന്നൂർ 8/2 ലെ ദേവദാനി ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ ഒ.വി രമേശനാണ് പരിക്കേറ്റത്. ചേളന്നൂർ കുമാരസ്വാമി സ്വദേശിയാണ് ആക്രമിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ബിരിയാണി ആവശ്യപ്പെട്ടെത്തിയാളോട് തീർന്നുപോയന്ന് ജീവനക്കാരൻ അറിയിച്ചു. പിന്നാലെ പ്രകോപിതനായ ഇയാൾ ജീവനക്കാരനുമായി വാക്കുതര്‍ക്കത്തിൽ ഏർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. ഹെൽമെറ്റ് കൊണ്ട് അടിയേറ്റ് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാക്കൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.