Trending

ബിജെപിയുടെ വോട്ട് മോഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നു"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി.

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെളിവുകൾ സഹിതമാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരവും, സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിഫലിക്കുന്നില്ല. എക്സിറ്റ് പോളും, അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നതിന് വിപരീതമായാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതെന്നും തുടങ്ങിയ സംശയങ്ങളാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് കോൺഗ്രസിനെ കൊണ്ടെത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ സംശയങ്ങളെ ശരിവയ്ക്കുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും രണ്ട് തരത്തിലാണ് ഫലം. മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതിനേക്കാള്‍ വോട്ടര്‍മാരുടെ വര്‍ദ്ധന അഞ്ച് മാസത്തിനിടെ ഉണ്ടായത് സംശയമുണര്‍ത്തി. മാത്രമല്ല, അഞ്ച് മണിക്കുശേഷം, പോളിങ് ശതമാനം കുതിച്ചുയര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തിനായിരുന്നു ജയം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേരെ എതിരായിരുന്നു ഫലം. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയില്‍ ഒരു കോടി പുതിയ വോട്ടര്‍മാരുണ്ടായെന്ന് രാഹുൽ ഗാന്ധി പറയുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇക്കാര്യം അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു എന്നതായിരുന്നു ഞങ്ങളുടെ വാദത്തിന്റെ കാതല്‍. വോട്ടര്‍ പട്ടിക തരാന്‍ അവര്‍ തയ്യാറായില്ല. വോട്ടര്‍ പട്ടിക രാജ്യത്തിന്റെ സ്വത്താണ്. സിസിടിവി ഫൂട്ടേജുകള്‍ നശിപ്പിക്കാന്‍ പോകുകയാണെന്ന് അവര്‍ പറഞ്ഞു. അത് ഞങ്ങളെ അത്ഭുതപ്പെടുത്തി, കാരണം മഹാരാഷ്ട്രയില്‍ അഞ്ചരയ്ക്ക് ശേഷം എങ്ങനെയാണ് പോളിങ് ശതമാനം ഉയര്‍ന്നതെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞിരുന്നു. അഞ്ചരയ്ക്കുശേഷം അത്രത്തോളം വോട്ടിങ് ഒന്നും നടന്നില്ലെന്നാണ് പോളിങ് ബൂത്തുകളിലുള്ള ഏജന്റുമാര്‍ പറഞ്ഞത്. വോട്ട് മോഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് കൂട്ടുനിന്നു എന്ന് വിശ്വസിക്കാന്‍ ഇതൊക്കെ കാരണമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. മഹാരാഷ്ട്രയിൽ നടത്തിയത് നഗ്നമായ വോട്ടുമോഷണമാണ്. ഒറ്റ മേൽവിലാസത്തിൽ 10,452 പേർക്ക് വോട്ട്. ഒരു വോട്ടർക്ക് നാല് ബൂത്തിൽ വോട്ട്. ഒരു ബ്രൂവറിയുടെ വിലാസത്തിൽ 68 വോട്ട് ചേർത്തു. അന്വേഷിച്ച് ചെന്നപ്പോൾ അവിടെ ആരുമില്ല. 4132 വോട്ടർമാർക്ക് പട്ടികയിൽ ഫോട്ടോയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ കൊള്ളയടിച്ചത് ഒരു ലക്ഷത്തിലധികം വോട്ടുകളാണ്. മഹാദേവപുര മണ്ഡലത്തില്‍ ആകെയുള്ള വോട്ടുകള്‍ 6.5 ലക്ഷം, അതില്‍ 1,00,250 വോട്ടുകള്‍ കവര്‍ന്നു. ഇവിടെ 11,965 ഇരട്ട വോട്ടുകളുണ്ട്. വ്യാജ വിലാസത്തില്‍ ഉള്ളത് 40,009 വോട്ടുകളാണ്. 4132 പേര്‍ വ്യാജ ഫോട്ടോയുള്ള തെരഞ്ഞെടുപ്പ് കാർഡുള്ളവരാണെന്നും രാഹുൽ ഗാന്ധി പറയുന്നു. അഞ്ച് വിധത്തിലാണ് വോട്ട് കൊള്ള നടത്തുന്നത്. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍, വ്യാജമോ, അസാധുവായതോ മേല്‍വിലാസം ഉപയോഗിച്ചുള്ള വോട്ട്, ഒറ്റ അഡ്രസില്‍ അനേകം വോട്ടര്‍മാര്‍, കൃത്യതയില്ലാത്ത, അസാധുവായ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ്, കന്നി വോട്ടര്‍മാര്‍ക്കുള്ള ഫോം ആറ് ദുരുപയോഗം ചെയ്തുള്ള വോട്ടുകൾ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വോട്ടര്‍ പട്ടിക പ്രിന്റ്‍ ചെയ്യുന്നതിലും തട്ടിപ്പുണ്ട്. ഒപ്ടിക്കല്‍ റീഡിങ് സാധ്യമല്ലാത്ത വിധമാണ് പ്രിന്റിങ്. കംപ്യൂട്ടര്‍ സഹായമില്ലാതെയാണ് അവ കോണ്‍ഗ്രസ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിച്ചിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ പരിശോധിക്കാമായിരുന്നു. മാസങ്ങളെടുത്താണ് കോണ്‍ഗ്രസ് ഇവ പരിശോധിച്ചതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Post a Comment

Previous Post Next Post