തൃശൂർ: തൃശൂരിൽ കരാട്ടെ പരിശീലകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ (23) യെണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള ചേലക്കര സ്വദേശി മുഹമ്മദ് ഇഹ്‌സാൻ ആണ് ഭർത്താവ്. ഇക്കഴിഞ്ഞ ജൂലായ് 13നായിരുന്നു ഇരുവരുടെയും വിവാഹം. വ്യാഴാഴ്ച രാവിലെയാണ് ആയിഷയെ മാളയിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് ഭർത്താവ് ചേലക്കര നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ വിദേശത്തേക്ക് തിരിച്ചുപോയത്.
‘കാസോക്കു കരാട്ടെ ഇന്ത്യ’യുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളേജിലെ പിജി വിദ്യാർത്ഥിയാണ്. മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലക കൂടിയാണ് ആയിഷ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാള പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.