മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) ആണ് മരിച്ചത്. വാഹനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചായിരുന്നു സംഭവം. നാലൂപേരടങ്ങിയ ഒരു സംഘവുമായുള്ള തർക്കത്തിനിടെ ഒരാൾ തുഫൈലിന്റെ വയറിന് കുത്തുകയായിരുന്നു.
കുത്തേറ്റ ഉടൻ തന്നെ യുവാവിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെറിയകത്ത് മനാഫ് സഫൂറ ദമ്പതികളുടെ മകനാണ് മരണപ്പെട്ട തുഫൈൽ. സഫീന, അഫ്സൽ, ഫാസിൽ എന്നിവർ സഹോദരങ്ങളാണ്.
തിരൂർ ഡിവൈഎസ്പി സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരൂർ സിഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.