ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യവും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെയാണ് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. ഇന്ന് ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസാണ് ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുദര്‍ശൻ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സുദർശൻ റെഡ്ഡി 1946 ജൂലൈ 8ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988-1990 വർഷം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990-ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് 2ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ 5ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രീംകോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
ഞായറാഴ്ച ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലാണ് മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. യോഗത്തിന് ശേഷം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമാണ് രാധാകൃഷ്ണന്റെ പേര് തീരുമാനിച്ചത്.
തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ഒബിസി വിഭാഗത്തിൽപ്പെടുന്ന തമിഴ്‌നാട്ടിലെ പ്രബലമായ ഗൗണ്ടർ സമുദായത്തിൽപ്പെട്ടയാളാണ്. രണ്ടുതവണ കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ ഝാർഖണ്ഡ് ഗവർണറായി നിയമിതനായ അദ്ദേഹം 2024 ജൂലായിൽ മഹാരാഷ്ട്ര ഗവർണറായി. തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 21 ആണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ പേർ മത്സരരംഗത്തുണ്ടാവുകയാണെങ്കിൽ സെപ്റ്റംബർ 9ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.