കോഴിക്കോട്: പന്നിയങ്കരയിൽ മോഷ്ടിച്ച സ്കൂട്ടറിലെത്തിയ ആൾ വയോധികയുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞു. കല്ലായി സ്വദേശി ശീലാവതി (68) യുടെ മാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. ടെലിഫോൺ എക്സ്ചേഞ്ചിന് എതിർവശത്തുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ശീലാവതി പന്നിയങ്കര പോലീസിൽ പരാതി നൽകി. "ഈ മാല എന്റെ കയ്യിലിരിക്കട്ടെ" എന്നും പറഞ്ഞാണ് കഴുത്തിലണിഞ്ഞ മാല വലിച്ച് പൊട്ടിച്ചത്. മോഷ്ടാവ് ഹെൽമെറ്റ് ധരിച്ചത് കൊണ്ട് ആളെ തിരിച്ചറിയാൻ സാധിച്ചില്ല. ചുവപ്പ് ബനിയനും കറുത്ത പാന്റുമാണ് ധരിച്ചതെന്നു പരാതിക്കാരി പറഞ്ഞു.
കസബ സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ ഒരു സ്കൂട്ടർ മോഷണം പോയിരുന്നു. ഇതിൻ്റെ ഭാഗമായി പോലീസ് അന്വേഷണത്തിലായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ചുവന്ന വസ്ത്രം ശ്രദ്ധയിൽപ്പെടുന്നത്. ഇതേ വസ്ത്രം ധരിച്ചാണ് മാല മോഷ്ടാവ് എത്തിയത്. ഇതോടെയാണ് പോലീസിന് മോഷ്ടിച്ച സ്കൂട്ടർ ഉപയോഗിച്ചാണ് മാല മോഷണം നടത്തിയതെന്ന് മനസ്സിലാവുന്നത്. മോഷ്ടിച്ച സ്കൂട്ടറിൽ ചുറ്റിക്കറങ്ങി പിന്നീട് ഇയാൾ പന്നിയങ്കരയിൽ വെച്ച് മാല പൊട്ടിച്ചതാണെന്നാണ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.