Trending

മുതിർന്ന സിപിഐ നേതാവും പീരുമേട് എംഎല്‍എയുമായ വാഴൂർ സോമൻ അന്തരിച്ചു.

തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവും പീരുമേട് എംഎല്‍എയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ഒരു പരിപാടിക്കിടെ എംഎൽഎ കുഴഞ്ഞു വീണതിനെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ഐഎല്‍‌ഡിഎമ്മില്‍ ഇടുക്കി ജില്ലാ റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത് പീരുമേട്ടിലെ റവന്യൂ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ച് ഇറങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെയുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുഞ്ഞുപാപ്പൻ്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14 ന് കോട്ടയം ജില്ലയിലെ വാഴൂരിലാണ് ജനനം. എഐഎസ്എഫ് സംസ്ഥാന നേതാവ്, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ (2005-2010), കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ അധ്യക്ഷൻ (2016-2021), എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളില്‍‌ പ്രവർത്തിച്ചു. 2021ൽ 15-ാം കേരള നിയമസഭയിലേയ്ക്ക് പീരുമേട് നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ബിന്ദു സോമന്‍, മക്കള്‍: സോബിന്‍ സോമന്‍, സോബിത്ത് സോമന്‍.

Post a Comment

Previous Post Next Post