മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂർ സ്വദേശിനി പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ ചോലയിലേക്ക് പോകുമ്പോൾ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ പ്രദേശത്ത് കാട്ടാന തമ്പടിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ പരാതിയിൽ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്തുന്നതിനിടെയാണ് ദാരുണമായ സംഭവം.
ആനയുള്ളത് അറിയാതെ കല്യാണിയമ്മ വനത്തിനുള്ളിലെ ചോലയിലേക്ക് പോകുന്നതിനിടെ ആനയുടെ മുമ്പിൽ അകപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ കാട്ടാന ഇപ്പൊഴുമുണ്ടെന്നും തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.