Trending

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയി; കൊടികെട്ടി തടഞ്ഞ് ഡിവൈഎഫ്ഐ.


വടകര: ദേശീയപാതയിൽ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിർത്താതെ പോയി. വടകര കരിമ്പനപാലം സ്വദേശി ആകാശിനെയാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ടാലൻ്റ് എന്ന ബസ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ആകാശിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബസിന് പിന്നാലെയെത്തിയ വാഹനത്തിലെ യാത്രികരാണ് പരിക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ചോറോട് പുഞ്ചിരി മില്ലിന് സമീപം വെച്ചായിരുന്നു അപകടം.

നിർത്താതെ പോയ ബസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ സ്റ്റാൻ്റിലെത്തി ബസിന് മുകളിൽ കൊടികെട്ടി തടഞ്ഞു. വടകര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ബസിൻ്റ ഫിറ്റ്നസ് ഉൾപ്പെടെ പരിശോധിച്ച് ഉറപ്പുവരുത്തി ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മിന്നൽ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് തടയാൻ നേതൃത്വം നൽകിയ ആകാശിനെ ബോധപൂർവ്വം ഇടിച്ചിട്ടതണോന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞ് സിപിഎം നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post