എറണാകുളം: ആലുവ കരുമാലൂരിൽ അങ്കണവാടിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിൽ കുട്ടികളുള്ളപ്പോഴാണ് പാമ്പിനെ കണ്ടത്. കളിപ്പാട്ടങ്ങൾ സൂക്ഷിച്ച ഷെൽഫിന് അകത്തായിരുന്നു പാമ്പ്. പാമ്പിനെ കണ്ടെത്തിയ സമയത്ത് 8 കുട്ടികള്‍ അങ്കണവാടിയില്‍ ഉണ്ടായിരുന്നു. രാവിലെ 11 മണിക്ക് ശേഷമായിരുന്നു സംഭവം. കളിപ്പാട്ടം സൂക്ഷിച്ച അലമാരയിലാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കളിപ്പാട്ടം മാറ്റുന്നതിനിടെ അങ്കണവാടിയിലെ അധ്യാപികയാണ് പാമ്പിനെ കണ്ടത്. തലനാരിഴക്കാണ് കടിയേല്‍ക്കാതെ അധ്യാപിക രക്ഷപ്പെട്ടത്. ഉടന്‍ കുട്ടികളെ മുറിയില്‍ നിന്ന് മാറ്റി. അധ്യാപികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പറിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും അങ്കണവാടി കെട്ടിടത്തിന്റെ ജനല്‍ ഭാഗം തകര്‍ന്നിരുന്നു. തുണികള്‍ വെച്ചാണ് ഈ ഭാഗം അടച്ചിരുന്നത്. ഇത് വഴിയാണോ പാമ്പ് അകത്ത് കയറിയത് എന്നാണ് സംശയം. മൂര്‍ഖന്‍ പാമ്പിനെ കണ്ട ഞെട്ടലിലാണ് ആയയും അങ്കണ്‍വാടിയിലെ ടീച്ചര്‍മാരും. അങ്കണവാടി അടുത്ത മൂന്നു ദിവസം അടച്ചിടുമെന്നും പരിശോധനയ്ക്ക് ശേഷമേ അങ്കണവാടി തുറന്ന് പ്രവര്‍ത്തിക്കൂ എന്നും വാര്‍ഡ് മെമ്പര്‍ പ്രതികരിച്ചു.