Trending

500 രൂപ വിലയുള്ള വെളിച്ചെണ്ണയ്ക്ക് 350 രൂപ; വിപണിയിൽ പിടിമുറുക്കി വ്യാജൻമാർ.


തിരുവനന്തപുരം: വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 500ന് മുകളിലേക്ക് വില ഉയർന്നതോടെ വിപണിയിൽ പിടിമുറുക്കി വ്യാജന്മാർ. 350 രൂപയ്ക്ക് വരെ ലഭിക്കുന്ന വ്യാജ വെളിച്ചെണ്ണകൾ ഓണം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിയത്. ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കടുപ്പിച്ചു. പേരില്ലാതെ കുപ്പികളിൽ നിറച്ച് വിൽക്കുന്നതും വ്യാപകമാണ്. വെളിച്ചെണ്ണയിൽ പാമോയിലും മറ്റ് വിലകുറഞ്ഞ എണ്ണകളും കലർത്തിയാണ് വ്യാജന്മാരെ നിർമ്മിക്കുന്നത്. കേര ഫെഡിന്റെ കേരള വെളിച്ചെണ്ണയോട് സാമ്യമുള്ള പായ്ക്കറ്റുകളിലും വ്യാജന്മാരെത്തുന്നുണ്ട്. കേരള നാട്, കേരള ശുദ്ധി, കേരള സുഗന്ധി തുടങ്ങിയ പേരുകളിലാണ് വ്യാജന്മാർ വിപണിയിലെത്തുന്നത്. ഇതിൽ കേരള എന്നത് മാത്രം വലുപ്പത്തിലെഴുതിയാണ് തട്ടിപ്പ്. 

അതേസമയം കൊപ്രയ്ക്ക് 280 രൂപയായതിനാൽ വെളിച്ചെണ്ണ 500 രൂപയിൽ കുറഞ്ഞ് വിൽക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടാഴ്ച മുൻപ് ‘ഓപ്പറേഷൻ നാളികേര’യെന്ന പേരിൽ 980 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഈ ആഴ്ച ഫലം ലഭിക്കും. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരാതി ടോൾ ഫ്രീ നമ്പറായ 1800 425 1125-ൽ അറിയിക്കാം.

വെളിച്ചെണ്ണ വില ലിറ്ററിന്- 500 രൂപ +

തേങ്ങ വില (കിലോയ്ക്ക്)- 90 രൂപ.

കൊപ്ര വില (കിലോയ്ക്ക്)- 280 രൂപ.

മില്ലുകളിലെ വെളിച്ചെണ്ണയ്ക്ക്- 450 രൂപ.

Post a Comment

Previous Post Next Post