താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ട് പോവല്ലേ..., എന്നുപറഞ്ഞുള്ള ഒരു കാർ യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്. അപകടം നടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്‌ആർടിസി ബസ്. മണ്ണിടിച്ചിലുണ്ടായ വ്യൂപോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേവന്ന കാറിലുണ്ടായിരുന്ന സ്ത്രീ ഉരുള്‍പൊട്ടുന്നുണ്ട് അവിടേക്കുേപാവരുതേ... എന്ന് കരഞ്ഞു പറഞ്ഞു. ഇതോടെ തങ്ങള്‍ റോഡരികിലേക്ക് ബസ് ഒതുക്കി നിർത്തുകയായിരുന്നെന്ന് നരിക്കുനി സ്വദേശി കണ്ടക്ടർ മുഹമ്മദ് റഫീഖ് പറഞ്ഞു
പിന്നീട് റഫീഖും ഡ്രൈവർ ശ്രീനിവാസനും സ്ഥലത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ കണ്ടത് റോഡൊന്നാകെ പാറക്കല്ലും മണ്ണും മരങ്ങളും വന്ന് മൂടിക്കിടക്കുന്നതാണ്. ആ യാത്രക്കാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ മറ്റൊന്നായി മാറുമായിരുന്നെന്ന് റഫീഖ് പറഞ്ഞു. 45 ജീവനാണ് അവർ രക്ഷിച്ചത്. പുറകെവരുന്ന വാഹനങ്ങളെല്ലാം തങ്ങള്‍ തടഞ്ഞു നിർത്തുകയായിരുന്നെന്ന് റഫീഖ് പറഞ്ഞു. ഒരുപാട് യാത്രക്കാരുടെ ജീവൻ രക്ഷിച്ച, പേരും നാടുമൊന്നുമറിയാത്ത ആ കാർ യാത്രക്കാരിയോട് നന്ദി പറയുകയാണ് റഫീഖും ശ്രീനിവാസനും.