കൊടുവള്ളി: പടനിലത്ത് പുനൂർ പുഴക്കു കുറുകെ പുതുതായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് ഒച്ചിന്റെ വേഗത. നിർമ്മാണ പ്രവർത്തി തുടങ്ങിയിട്ട് ഏകദേശം 20 മാസം പിന്നിടുകയാണ്. 2023 ഡിസംബർ മാസത്തിലാണ് നിർമ്മാണ പ്രവർത്തി തുടങ്ങിയത്. 7.16 കോടി രൂപ ചിലവഴിച്ചാണ് പടനിലത്ത് പുതിയ പാലം നിർമ്മിക്കുന്നത്. പുഴയുടെ മധ്യഭാഗത്തെ നിർമ്മാണ പ്രവർത്തി എങ്ങുമെത്തിയിട്ടില്ല. ഈ നിലക്ക് പോയാൽ പാലം യാഥാർത്ഥ്യമാവാൻ വർഷങ്ങൾ വേണ്ടി വരുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. അപ്രോച്ച് റോഡ് ഭാഗത്തെ രണ്ടും പുഴഭാഗത്തെ രണ്ടും അടക്കം കേവലം നാല് തൂണുകളുടെ പണി മാത്രമാണ് പൂർത്തീകരിക്കാനായിട്ടുള്ളൂ. ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിർമ്മാണവും പൂർത്തീകരിക്കേണ്ടതുണ്ട്.
പുറത്തേക്കുള്ള കമ്പികളെല്ലാം തുരുമ്പെടുത്തതായി കാണപ്പെടുന്നു. ഇത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂളിമാട്, കൊയിലാണ്ടി, പാലങ്ങൾക്കുണ്ടായ ദുർഗതി പടനിലം പാലത്തിനും വരുമോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്. നന്നെ വീതി കുറഞ്ഞതും ആറര പതിറ്റാണ്ടിലധികം പഴക്കമുള്ളതുമായ നിലവിലെ പാലത്തിന് സമാനമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയതെന്നായിരുന്നു അധികൃതർ ആദ്യത്തിൽ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ അവർ സബ് കോൺട്രാക്റ്റ് നൽകിയെന്നാണ് അറിയുന്നത്. അഡ്വ. പിടി എ റഹിം കൊടുവള്ളി എം എൽ എ യായ സമയത്ത് വി.എസ് സർക്കാർ 2011ൽ ബജറ്റിൽ 5.5 കോടി രൂപയും പിന്നീട് സ്ഥലമെടുപ്പിന് 55 ലക്ഷം രൂപയുമാണ് പാലം നിർമ്മാണത്തിന് അനുവദിച്ചത്. സ്ഥലമെടുപ്പ് വൈകിയതിനാൽ ടെന്റർ നടപടികളും വൈകുകയായിരുന്നു. പിന്നീടാണ് 7.16 കോടി രൂപ സർക്കാർ അനുവദിച്ചത്.
79 മീറ്റർ നീളത്തിലും 1.5 മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ 9.5 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. മടവൂർ- കുന്ദമംഗലം വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് പാലം നിർമ്മിക്കാൻ ഏറ്റെടുത്തത്. പുഴ ഭാഗം പൂർണമായും കുന്ദമംഗലം ഗ്രാമപഞ്ചായത്തിലും നിയോജക മണ്ഡലത്തിലും ഉൾപ്പെട്ടതാണ്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാലം നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. മെയ് മാസത്തിൽ കാല വർഷം തുടങ്ങിയ ശേഷം പാലം നിർമ്മാണത്തിൽ തീരെ പുരോഗതിയുണ്ടായിട്ടില്ല. മഴയിൽ കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂർ സിഎം മഖാം ഉൾപ്പെട്ട പടനിലം-നരിക്കുനി റോഡിലെ നിലവിലുള്ള പഴയ പാലത്തിൽ ഗതാഗത സ്തംഭനം പതിവ് കാഴ്ചയാണ്. പാലം നിർമ്മാണ പ്രവർത്തി ത്വരിത ഗതിയിലാക്കുവാൻ സർക്കാരിന്റെ അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.