Trending

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും.


റായ്പൂർ: ഛത്തീസ്ഗഡില്‍ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച അറസ്റ്റിലായ സി.വന്ദന ഫ്രാന്‍സീസും, സി.പ്രീതി മേരിയും ജയിലില്‍ തുടരും. ദുര്‍ഗ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം.

കന്യാസ്ത്രീകളെ കാണാന്‍ അനുമതി നിഷേധിച്ചതോടെ ജയില്‍ കവാടത്തിനു മുന്‍പില്‍ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാന്‍ രണ്ടു മണിയോടെ അനുമതി നല്‍കി. എന്‍.കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, റോജി എം.ജോണ്‍, സി.പ്രീതിയുടെ സഹോദരന്‍ ബൈജു എന്നിവര്‍ കന്യാസ്ത്രീകളെ കണ്ടു.

ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂര്‍വ്വവും പ്രതീക്ഷാപരവുമായ നടപടികള്‍ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡില്‍ തുടരുമെന്നും അനൂപ് ആന്റണി അറിയിച്ചു.

Post a Comment

Previous Post Next Post