ഉള്ളിയേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു. മൊടക്കല്ലൂർ എംഎംസിയിൽ ചികിത്സയിലായിരുന്ന മാനന്തവാടി എടവക മുത്താരിമൂല സ്വദേശി ആലഞ്ചേരി കെ.വി ഷീജ (42) മരിച്ചത്. എടവക സിഎച്ച്സിയിലെ ആശാ വർക്കറായിരുന്നു ഷീജ. കഴിഞ്ഞ മെയ് 6ന് ഭർത്താവ് രാമകൃഷ്ണനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ചുള്ളിയോട് വെച്ച് കാറിടിച്ചായിരുന്നു അപകടം.
അപകടത്തിൽ ഭർത്താവ് രാമകൃഷ്ണനും പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഷീജയുടെയും ചുമട്ട് തൊഴിലെടുത്ത് കുടുംബം പുലർത്തിയിരുന്ന രാമകൃഷ്ണന്റെയും കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാർ കുടുംബ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നതിനിടയായിരുന്നു മരണം. മക്കൾ: നികന്യക കൃഷ്ണ (വിദ്യാർത്ഥി ഗവൺമെൻ്റ് കോളേജ് മാനന്തവാടി), കൃഷ്ണ (വിദ്യാർത്ഥി ജി.വി.എച്ച്.എസ്.എസ് മാനന്തവാടി).
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബസുക്കൾക്ക് വിട്ടുനൽകി. ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ എടവക പഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൈകിട്ട് 3 മണിയോടെ മുത്താരിമൂലയിലെ വീട്ടുവളപ്പിൽ സംസ്ക്കാരിച്ചു.