ബാലുശ്ശേരി: മാലിന്യ ശേഖരം നീക്കം ചെയ്യാത്തതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിൽ. ബാലുശ്ശേരി പഞ്ചായത്തിൽ പറമ്പിൻ മുകളിലെ എരമംഗലം റോഡരികിലാണ് മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത്. തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട മാലിന്യം നിറച്ച ചാക്കുകൾ കനത്ത മഴയെതുടർന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
നായ്ക്കളും മറ്റും ചാക്കുകൾ കടിച്ചുകീറി റോഡിലേക്ക് ചിതറിക്കിടക്കുകയാണ്. കാക്കകൾ മാലിന്യം കൊത്തി സമീപ പ്രദേശത്തെ കിണറുകളിലിട്ട് വെള്ളം കേടാക്കുന്നതായും പരാതിയുണ്ട്. കൊതുകുശല്യവും പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്. മാലിന്യം ശേഖരിച്ചതിനു സമീപത്തു തന്നെയാണ് എൽകെജി, യുകെജി പ്രൈമറി സ്കൂളുകളും ബി.എഡ് കോളേജുമുള്ളത്. പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.