പേരാമ്പ്ര: നിലമ്പൂരില്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദക്കൊപ്പം ഉണ്ടായിരുന്ന പേരാമ്പ്ര സ്വദേശിയായ യുവാവിൻ്റ മരണത്തിൽ ദുരൂഹതയന്ന് കുടുംബം. മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കി. ജൂണ്‍ 22നാണ് ചക്കിട്ടപ്പാറ പിള്ളപ്പെരുമണ്ണ സ്വദേശിയായ അജയ്കുമാറിനെ സ്വകാര്യ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈസൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അജയ്കുമാര്‍ എങ്ങനെയാണ് ഹിമവല്‍ ഭദ്രാനന്ദയ്‌ക്കൊപ്പം എത്തിയതെന്നും ഈ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയക്ക് ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അജയ് കുമാറിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. മരിക്കുന്നതിന്റെ അന്ന് രാത്രി അജയ്കുമാര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. അന്ന് ഹിമവെല്‍ ഭദ്രാനന്ദയെന്ന് പറയുന്ന സ്വാമിയും യുവാവിൻ്റെ കൂടെ മുറിയിലുണ്ടായിരുന്നതാണ് വീട്ടുകാർക്ക് സംശയത്തിന് ഇടയാക്കുന്നത്. സ്വാമി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത് അന്നേദിവസം രാവിലെയാണ് അടുത്ത് പരിചയപ്പെട്ടതെന്നാണ്.
എന്നാല്‍ കഴിഞ്ഞ പതിനെട്ടാം തീയതി യുവാവിൻ്റെ വീട്ടില്‍ വരികയും അമ്മയുമായി പരിചയപ്പെടുകയും ചെയ്തു. അമ്മയുമായുള്ള ഫോട്ടോയൊക്കെ സ്വാമിയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ഉള്ളിയേരിയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചതിലും സ്വാമിയുടെ ഇടപെടലുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.