Trending

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടഭാ​ഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന് ഗുരുതരമായി പരിക്കേറ്റ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു.

നാലുവശവും കെട്ടിടമായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ അപകട സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ​ഒടുവിൽ ​ഗേറ്റ് പൊളിച്ചാണ് മൂന്ന് ജെസിബികൾ അകത്തേക്ക് കടന്നത്. രണ്ടര മണിക്കൂറോളം കഴിഞ്ഞാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബിന്ദുവിനെ കണ്ടെത്താനായത്. ഉടൻതന്നെ അത്യാഹിത വിഭാ​ഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയുടെ പഴയ കെട്ടിടത്തിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാ​ഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിന് (11), ആശുപത്രി ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും(21) പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ആരോ​ഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post