തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജി. സംഭവത്തിൽ പാലോട് രവിയോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് അറിയിച്ചു. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതിൽ പാലോട് രവിയും വിശദീകരണം നൽകിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശമാണ് നൽകിയതെന്നും മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്നാണ് പ്രവർത്തകനോട് പറഞ്ഞതെന്നായിരുന്നു പാലോട് രവിയുടെ വിശദീകരണം.
'ഡിസിസി പ്രസിഡന്റായത് കൊണ്ട് പ്രവർത്തകർ വിളിക്കും. ഒരു സ്ഥലത്ത് നിന്നും തന്നെ വിളിച്ചപ്പോൾ അവർ പരസ്പരം പരാതി പറഞ്ഞു. ഞാൻ അവരോട് പറഞ്ഞു, പഞ്ചായത്ത് ഇലക്ഷൻ ജയിക്കണം. എന്നാലേ നിയമസഭയിൽ നമുക്ക് ജയിക്കാൻ പറ്റൂ. പഞ്ചായത്ത് ഇലക്ഷൻ ജയിക്കണമെങ്കിൽ നിങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. അവിടെയുള്ള ഭിന്നതകൾ എല്ലാം നിങ്ങൾ പറഞ്ഞു തീർക്കണം. നിങ്ങൾ എല്ലാവരും ഒരുമിച്ച് നിന്നാൽ അതാണ് പാർട്ടിയുടെ മുഖം. ഈ ജില്ലയിൽ നിന്ന് ഇതാണ് കഴിഞ്ഞ മൂന്നു വർഷമായി സംഘടനാപരമായി താഴോട്ട് നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം. അതുകൊണ്ട് ഭിന്നതയുണ്ടെങ്കിൽ, നിങ്ങൾക്ക് പഞ്ചായത്ത് ജയിക്കാൻ സാധിക്കില്ല. ഈ ഒരു സന്ദേശമാണ് താഴോട്ട് നൽകിയത്'- പാലോട് രവി പറഞ്ഞു.