ബാലുശ്ശേരി: ബാലുശ്ശേരിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബാലുശ്ശേരി തത്തമ്പത്ത് കുനിയിൽ മിഥുൻ എന്ന റോഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്നുവെന്ന് ബാലുശ്ശേരി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് പിലാച്ചേരി മോഹനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും വിൽപ്പനയ്ക്ക് വെച്ച 6.71ഗ്രാം എംഡിഎംഎയുമായി റോഷൻ പിടിയിലായത്.
അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത ഒരു അടിപിടി കേസിലെ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് പ്രതിയുടെ ലഹരി വില്പനയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇയാളെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ താമസിക്കുന്ന വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്പന. വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ചെറു പൊതികളാക്കിയായിരുന്നു പ്രതി എംഡിഎംഎ വില്പന നടത്തിയിരുന്നത്.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി.പിയുടെ നേതൃത്വത്തിലുള്ള എസ്ഐ സുജിലേഷ് എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്.എൻ, ഫൈസൽ, സിവിൽ പോലീസ് ഓഫീസർ രജിത എന്നിവരും ചേർന്നായിരുന്നു റെയ്ഡ് നടത്തിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.