കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ അടപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് സമരാനുകൂലികളുടെ മർദ്ദനം. 24 ന്യൂസിൻ്റെ പ്രതിനിധിയും IRMU (ഇന്ത്യൻ റിപോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂനിയൻ) ഫറോക്ക് മേഖല എക്സിക്യുട്ടീവ് അംഗവുമായ എൻ.വി മുസമ്മിലിനെയാണ് മുപ്പതോളം വരുന്ന സംഘം ആക്രമിച്ചത്.
മുസമ്മിലിൻ്റെ ഐഡി കാർഡ് വലിച്ചു കീറിയ സംഘം കഴുത്തിനും പുറത്തും മറ്റുമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ബഹളംകേട്ട് സംഭവ സ്ഥലത്തെത്തിയ നല്ലളം പോലിസ് സി.ഐയാണ് മാധ്യമ പ്രവർത്തകനെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ മുസമ്മിൽ സംഭവത്തിൽ നല്ലളം പോലിസിൽ പരാതി നൽകി. ആക്രമത്തെ അപലപിച്ച ഐആർഎംയു മേഖല കമ്മിറ്റി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകന് നേരെ നടന്ന ആക്രമണ സംഭവത്തിൽ ഐആർ എം യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുല്ല വാളൂരും സിക്രട്ടറി പ്രിയേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.