മലപ്പുറം: കോട്ടക്കലില്‍ നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചു. കോട്ടയ്ക്കൽ മിംസിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ രോഗിയാണ് മരിച്ചത്. ആദ്യ പരിശോധനയിൽ ഇവർ നിപ നെഗറ്റീവ് ആയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളേത്തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. ഇവരുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മൃതദേഹം സംസ്കരിക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞിട്ടുണ്ട്. പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് നിര്‍ദ്ദേശം. നിപ ബാധിച്ച് നേരത്തെ മരിച്ച യുവതിയുടെ തൊട്ടടുത്ത കട്ടിലിൽ കിടന്നയാളാണ് മരണപ്പെട്ട സ്ത്രീ. ഇത് നിപ മൂലമുള്ള മരണമാണോ എന്ന സംശയം ബലപ്പെടുത്തുന്നു. പരിശോധനാഫലം ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം ലഭിക്കൂ.