കുന്ദമംഗലം: കുന്ദമംഗലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. എൽ.പി സ്കൂളിൽ മുന്നിൽ വെച്ച് ശ്രീജേഷ് എന്ന ഓട്ടോറിക്ഷ ഡ്രൈവർക്കാണ് നായയുടെ കടിയേറ്റത്. വൈകുന്നേരം നാലുമണിയോടെ സ്‌കൂൾ വിദ്യാർത്ഥികളെ ഓട്ടോയിൽ കയറ്റാൻ എത്തിയതായിരുന്നു. കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത നായയിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർക്ക് കടിയേറ്റത്. കാലിൽ കടിയേറ്റ ശ്രീജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ ശല്യം ചൂണ്ടിക്കാണിച്ച് കുന്ദമംഗലം പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല. തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിനു പരിഹാരം കാണാത്ത പഞ്ചായത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.