തിരുവമ്പാടി: തിരുവമ്പാടിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മ (72) യുടെ മൃതദേഹമാണ് ഇരുവഞ്ഞിപ്പുഴയിൽ അഗസ്ത്യൻമുഴി പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ ആയിശുമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ കടയിലേക്കെന്ന് പറഞ്ഞാണ് ആയിശുമ്മ വീട്ടിൽ നിന്നും ഇറങ്ങിയത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിൽ പുഴയിലേക്ക് നടന്നു പോകുന്നതായ സിസിടിവി ക്യാമറ ദൃശ്യം വീട്ടുകാർ കാണാനിടയായി. ഇതിൻ്റെ അടിസ്ഥാനത്തിൽ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവഞ്ഞിപുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് മുക്കത്ത് നിന്നും എത്തിയ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.