താമരശ്ശേരി: താമരശ്ശേരിയിൽ കാർ ഇടിച്ച് മധ്യവയസ്കൻ മരിച്ചു. വടകര ഒഞ്ചിയം കല്ലേരി വീട്ടിൽ രാജേഷ് ബാബു (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10ന് താമരശ്ശേരി അമ്പലമുക്കിലാണ് അപകടം നടന്നത്. പാലക്കാട് മരണവീട്ടിലേക്ക് പോകുന്ന സംഘത്തിൻ്റെ ട്രാവലർ വാഹനത്തിന് വഴിയിൽ വെച്ച് തകരാർ സംഭവിച്ചു. വാഹനം റോഡരികിൽ നിർത്തി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് തിരികെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
മുക്കം ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാർ രാജേഷ് ബാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ KL10 BK 9191 നമ്പർ ടാറ്റ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അമ്പായത്തോട് വച്ച് പിടികൂടിയ അരീക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ പോലീസിൽ ഏൽപ്പിച്ചു. രാജേഷ് ബാബു സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.