Trending

ഷാർജയിൽ മലയാളി യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജ: യുഎഇയിൽ മലയാളി യുവതിയെയും ഒന്നര വയസ്സുകാരി മകളെയും ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര സ്വദേശി വിപഞ്ചിക മണിയൻ (33) ഒന്നരവയസ്സുകാരി മകൾ വൈഭവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അൽ-നഹ്‌ദയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് സംഭവം. 

ആദ്യം മകളുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തിയ ശേഷം അതേ കയറിൻ്റെ മറ്റേ അറ്റത്ത് അമ്മയും തൂങ്ങിയെന്നാണ് വിവരം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ ആയി ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇവരുടെ ഭർത്താവ് നിതീഷ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം.

സ്ത്രീധന പീഡനവും വിവാഹമോചനത്തിനായുള്ള സമ്മർദവുമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവാഹബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ താൻ ജീവനൊടുക്കുമെന്ന് വിപഞ്ചിക നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ നിതീഷ് അടുത്തിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. ഇത് ലഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയത്.

നിതീഷുമായുള്ള ബന്ധത്തിൽ പ്രശ്ന‌ങ്ങളുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലും സാമ്പത്തിക കാര്യങ്ങളിലും സ്‌ഥിരമായി ഇരുവരും തമ്മിൽ വഴക്കുകളുണ്ടായിരുന്നുവെന്നും കുഞ്ഞിൻ്റെ കാര്യത്തിൽ പോലും വേണ്ടത്ര ശ്രദ്ധ നിതീഷിനുണ്ടായിരുന്നില്ല എന്നും വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങളടക്കം കൈവശമുണ്ടെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നു. 

നിലവിൽ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോവുന്നതിൽ തീരുമാനമായിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ പറയുമ്പോൾ കുഞ്ഞിനെ ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന നിലപാടിലാണ് നിതീഷും കുടുംബവുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വന്നതിനു ശേഷമാകും മൃതദേഹങ്ങൾ എവിടെ സംസ്ക്കരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകുക.

Post a Comment

Previous Post Next Post