പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മരുതോങ്കര മൊയിലോ തറയാ താഴെവളപ്പിൽ അബ്ദുൽ ജലീലിൻ്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്. പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ഇന്ന് വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം. ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെൻ്ററിൽ പിജി വിദ്യാർത്ഥിയാണ് ജാവാദ്.
കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന ഒമേഗാ ബസ് ആണ് ബൈക്ക് യാത്രികനെ ഇടിച്ചത്. തെറ്റായ ദിശയിൽ അമിത വേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവാവിന് മരണം സംഭവിച്ചിരുന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുവെച്ച് നാട്ടുകാർ പ്രതിഷേധിച്ചു.