Trending

കണ്ണീരോർമ്മയായി മിഥുൻ; ഉള്ളുപൊട്ടി ഉറ്റവർ, വിട നൽകി ജന്മനാട്.


കൊല്ലം: തേവലക്കരയിൽ സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. വിളന്തറയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീർക്കടലിനെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മിഥുൻ പഠിച്ച തേവലക്കരയിലെ സ്കൂളിലെ പൊതുദർശനത്തിന് ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. മിഥുൻ്റെ ചേതനയറ്റ ശരീരം കണ്ട് സുഹൃത്തുക്കൾക്കും സഹപാഠികൾക്കും അധ്യാപകർക്കും കരച്ചിലടക്കാനായില്ല. വൻ ജനാവലിയാണ് മിഥുനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ത‍ുർക്കിയിൽ നിന്നും ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു മിഥുൻ്റെ അമ്മ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ഹൃദയഭേദക നിമിഷങ്ങൾക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് സാക്ഷിയായത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, വാഹന പാർക്കിംഗ് ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ കാൽ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മിഥുന് ജീവനുണ്ടായിരുന്നുവെന്നുമാണ് വിവരം.

Post a Comment

Previous Post Next Post