കൊച്ചി: എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, സുഹൃത്ത് യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 22.55 ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കാക്കനാട് പാലച്ചുവട്ടിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് സ്വദേശികളായ റിൻസിയും യാസിറും ഇവിടെ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്.
കസ്റ്റഡിയിലെടുത്ത രണ്ടുപേരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരാളിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമകൂടിയാണ് റിന്‍സി. അതിനാല്‍ ഇത്രയും അളവ് എംഡിഎംഎ സിനിമാക്കാര്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റിൻസിയുടെ സിനിമ ബന്ധം പോലീസ് അന്വേഷിക്കും.
അതേസമയം റിൻസിയുടെ അറസ്റ്റിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. റിൻസി ഉണ്ണി മുകുന്ദന്റെ പുതിയ മാനേജർ ആണെന്നായിരുന്നു പ്രചാരണം. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നായിരുന്നു ഉണ്ണി മുകുന്ദൻ്റെ പ്രതികരണം. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷണൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.