അത്തോളി: അത്തോളി കുനിയിൽ കടവ് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അത്തോളി ആലിൻചുവട് കുറുവാളൂർ കുറ്റിയോറ തറോൽ താമസിക്കും ഗണേശൻ്റെ മകൻ വൈഷ്ണവാണ് (28) മരിച്ചത്. അത്തോളി ചീക്കിലോട് ബസിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. ആനപ്പാറ കടവിനും വള്ളിൽ കടവിനും ഇടയിൽ ചാലാംകല്ലിന് സമീപം ഊന്നുവല കുറ്റിയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജൂലായ് 7 മുതൽ കാണാനില്ലെന്ന് അത്തോളി പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു. കുനിയിൽ കടവ് പാലത്തിൽ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച കൊയിലാണ്ടിയിൽ നിന്നും വെള്ളിമാട്കുന്നിൽ നിന്നുമുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെയോടെ മീൻപിടിക്കാൻ പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.