Trending

പത്തനംതിട്ട പാറമട അപകടം: ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.


പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണുണ്ടായ അപകടത്തിൽ‌ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് വടംകെട്ടിയിറങ്ങിയാണ് തകർന്നുകിടന്ന ക്യാബിൻ്റെ ഉള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളായ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.  

ചൊവ്വാഴ്ച രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലായിരുന്നു. മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതിന് ശേഷം വൈകുന്നേരമാണ് ലോങ് ബൂം ഹിറ്റാച്ചി എത്തിച്ചത്. 

Post a Comment

Previous Post Next Post