തൃശ്ശൂർ: പാചക വാതക സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രണ്ട്‌സ് ലൈനിൽ തൃക്കോവിൽ വീട്ടിൽ രവീന്ദ്രൻ (70), ഭാര്യ ജയശ്രീ (62) എന്നിവർക്കാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.
പാചകത്തിനിടെയാണ് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടുത്തമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ദമ്പതികളെ തീ പടർന്ന വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്. തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും സോഫയും ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. എല്ലാ മുറികളിലേക്കും തീ പടർന്ന് ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റ രവീന്ദ്രനെയും ഭാര്യയെയും ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജയശ്രീയുടെ നില അതീവ ഗുരുതരമാണ്. 90 ശതമാനം പൊള്ളലേറ്റതായാണ് മെഡിക്കൽ റിപ്പോർട്ട്. രവീന്ദ്രനെ തുടർചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.