കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു അപകടം. അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവർ 11വയസുകാരി അലീല, ക്യാഷ്യാലിറ്റി ജീവനക്കാരനായ അമൽ പ്രദീപ്, തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു എന്നിവരാണ്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത തലയോലപ്പറമ്പ് സ്വദേശിനി സ്ത്രീയുടെ നില ഗുരുതരമാണ്. രണ്ടു മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. മറ്റു രണ്ടുപേരുടെ നില ഗുരുതരമല്ല. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.
അപകടവിവരമറിഞ്ഞ് മന്ത്രി വി.എൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാർഡ് അപ്പുറത്താണന്നും ഇത് സാധനങ്ങളൊക്കെ സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെട്ടിടം പണിതു കഴിഞ്ഞെന്നും കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ടുപേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.