കോഴിക്കോട്: കീം 2025 (കേരള എന്‍ജിനീയറിങ്/ ആര്‍കിടെക്ചര്‍/ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ്ങില്‍ മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ്. മൂന്നാം റാങ്ക് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിനാണ്. ആദ്യ അഞ്ചിനുള്ളില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് ജോണ്‍ ഷിനോജ് പ്രതികരിച്ചു.
86,549 പേരാണ് പരീക്ഷയെഴുതിയവര്‍. ഇതില്‍ 76,230 പേര്‍ യോഗ്യത നേടി. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് അനഘ അനില്‍ (പത്തിയൂര്‍, ആലപ്പുഴ), രണ്ടാം റാങ്ക് ഋഷികേശ് ഷേണായ് (ആര്‍പ്പൂക്കര,കോട്ടയം). മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു.
ആദ്യ 10 റാങ്കിൽ ഒൻപതും ആൺകുട്ടികളാണ് നേടിയത്. എസ്‌സി വിഭാഗത്തിൽ കാസർകോട് നീലേശ്വരം സ്വദേശി ഹൃദിൻ എസ് ബിജുവിനാണ് ഒന്നാം റാങ്ക്. എസ് ടി വിഭാഗത്തിൽ കോട്ടയം സ്വദേശി ശബരിനാഥ് കെഎസ് രണ്ടാം റാങ്ക് നേടി. എൻജിനീയറിങ്ങിൽ ആദ്യ 100 റാങ്കിൽ 43 പേരും കേരള സിലബസിലാണ് പഠിച്ചത്. കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം മാര്‍ക്ക് ഏകീകരിച്ചുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്.