Trending

സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


കോഴിക്കോട്: സഹോദരനും കൂട്ടുകാർക്കുമൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലർ ദേവരാജൻ്റെയും ഷൈജയുടെയും മകനായ മാറാട് പൊന്നത്ത് സഞ്ജയ് രാജ് (24) ആണ് മരിച്ചത്. സഹോദരനായ ശ്രീരാജിനും കൂട്ടുകാർക്കുമൊപ്പം ഇന്നലെ രാവിലെ 9 മണിയോടെ മീഞ്ചന്തക്കു സമീപം അരീക്കാട് ഉറവൻ ക്ഷേത്രകുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു സഞ്ജയ്. നീന്തുന്നതിനിടയിൽ പെട്ടെന്ന് തളർന്ന് സഞ്ജയ് കുളത്തിലേക്ക് മുങ്ങി പോവുകയായിരുന്നു. 

ഈ ഭാഗത്ത് മൂന്നു മീറ്ററോളം കുളത്തിന് ആഴമുണ്ട്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങിയ അനിയൻ ശ്രീനിൽ രാജിനെ (23) കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. സഞ്ജയ് രാജിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൊട്ടടുത്തുതന്നെയുള്ള മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. മീഞ്ചന്ത ഫയർ യൂണിറ്റ് സ്‌കൂബ ഡൈവിങ് അംഗങ്ങളായ പി അനൂപ്, വി.കെ അനൂപ് എന്നിവർ സഞ്ജയ് രാജിനെ പുറത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

എംഎസ് സി (മാത്തമെറ്റിക്സ്) പഠനം പൂർത്തിയാക്കി പിഎസ്‌സി പരീക്ഷ പരിശീലനത്തിനൊപ്പം ബേപ്പൂർ നടുവട്ടത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ അധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു സഞ്ജയ് രാജ്. പൊലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച ഗോദീശ്വരം ശ്മശാനത്തിൽ.

Post a Comment

Previous Post Next Post