തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ അടുക്കളയിലെ ടൈൽസും കബോര്‍ഡുകളുമടക്കം തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്കെടുത്ത് താമസിക്കുന്ന വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നതു കണ്ടു. ഇതോടെ ഉടൻ ഇവർ പുറത്തിറങ്ങി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പുക ഉയര്‍ന്നതിന് പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയിലേക്ക് തീപടര്‍ന്നു. അടുക്കളയിലെ ടൈൽസും മറ്റു സാധനങ്ങളുമെല്ലാം തകര്‍ന്നു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്.