കോഴിക്കോട്: കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. കാരപ്പറമ്പ് കുണ്ടുപറമ്പ് റോഡിൽ മുടപ്പാട്ട് പാലത്തിന് സമീപം കനോലി കനാലിലേക്കാണ് കാർ മറിഞ്ഞത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. എതിരേ വന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാറിലുണ്ടായിരുന്ന മുത്തശ്ശിയേയും പേരക്കുട്ടികളെയും രക്ഷപ്പെടുത്തി. കനാലിലേക്ക് കാർ മറിയുന്നത് കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.