Trending

കെനിയയിൽ ബസ് അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചു.


നൈറോബി: കെനിയയിൽ​ 3 വനിതകളും 2 കുട്ടികളും ഉൾപ്പെടെ അഞ്ചു മലയാളികൾ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകൾ റിയ ആൻ (41), മകൾ ടൈറ (8), തൃശൂർ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ ​റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. ഖത്തറിൽ നിന്നും വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം നാലോടെയുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ​ജസ്നയുടെ ഭർത്താവ് തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റു​. അപകടവിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയതാവും നോർക്ക ഇടപ്പെട്ട തുടർ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയതായും കോങ്ങാട് എംഎൽഎ അഡ്വ. ശാന്തകുമാരി പറഞ്ഞു.

ജൂൺ 6ന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും കെനിയയിലേക്ക് പോയ 32 പേർ അടങ്ങിയ വിനോദയാത്രാ സംഘമാണ് മധ്യകെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. ശക്തമായ മഴയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. റോഡിൽ തെന്നിനീങ്ങിയ ബസ് ഒരു മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. അപകടസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചതായി ന്യൻഡുരു കൗണ്ടി പൊലീസ് മേധാവി അറിയിച്ചതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്​ യാത്രാ സംഘത്തിലുണ്ടായിരുന്നത്​.

Post a Comment

Previous Post Next Post