കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
എടശ്ശേരി ബാറില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടാവുകയും തുടർന്ന് യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് അതുകൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരുക്കേറ്റിരിക്കുന്നത്. ചെവിയ്ക്കും സാരമല്ലാത്ത പരിക്കുണ്ട്.
സംഭവത്തെ തുടർന്ന് നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. സിനിമ താരങ്ങളടക്കം പങ്കെടുത്ത പരിപാടിയായിരുന്നു. യുവതി പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ലെന്നാണ് ജിനീഷ പ്രതികരിച്ചത്.