കുന്ദമംഗലം: അന്തർ സംസ്ഥാന മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതിയ്ക്ക് ഒരുവർഷം തടവ്. കോഴിക്കോട് വെള്ളിപ്പറമ്പ് ഉമ്മളത്തൂർ സ്വദേശി ശിവഗംഗ ഹൗസിൽ പി.എൻ അഭിനവിന് (24) ആണ് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. പിഐടിഎൻഡിപിഎസ് ആക്ട് പ്രകാരം കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയ്ക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
കാരന്തൂർ ലോഡ്ജിൽ വിൽപ്പനക്കായി സൂക്ഷിച്ച 221.89 ഗ്രാം എംഡിഎംഎ യുമായി പിടിക്കപ്പെട്ടതിന് കുന്നമംഗലം പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലും പ്രതിയാണ്. കോഴിക്കോട് ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്.
പ്രതിയുടെ സ്വതന്ത്രമായ സാന്നിദ്ധ്യം പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മയക്കുമരുന്ന് വിൽപ്പനയിലൂടെ പണവും സ്വത്തും സമ്പാദിച്ച് യുവതലമുറയെ മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതായുള്ള വിവരത്തെ തുടർന്ന് കുന്നമംഗലം പൊലീസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് ഉത്തരവ്. പ്രതിയെ കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മയക്കുമരുന്ന് കേസിലുൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ഇത്തരത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്നും ഡെപ്പ്യുട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.