കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. മണ്ണിനുള്ളിൽ കുടുങ്ങിയ പശ്ചിമബംഗാൾ സ്വദേശി എലാഞ്ചൽ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽപെട്ട മറ്റ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. അലകിസ്, അദീഷ് എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
സ്വകാര്യ കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ രക്ഷപ്പെടുത്തിയപ്പോഴാണ് മറ്റൊരാൾ കൂടി കുടുങ്ങിക്കിടക്കുന്നതായി പറഞ്ഞത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. പിന്നീട് നടത്തിയ തിരച്ചിലിലാണ് എലാഞ്ചലിൻ്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്തെ അശാസ്ത്രീയ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. സ്ഥലത്ത് നിർമ്മാണത്തിന് സ്റ്റേ ഓർഡർ ഉള്ളതായും നാട്ടുകാർ പറയുന്നു.