Trending

സൂംബ വിവാദം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ ആശങ്ക ഒഴിഞ്ഞുവെന്ന് നാസർ ഫൈസി കൂടത്തായി


കോഴിക്കോട്: സൂംബ ഡാൻസ് കളിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ ആശങ്ക ഒഴിഞ്ഞുവെന്ന് നാസർ ഫൈസി കൂടത്തായി. കുട്ടികൾ നി‍ർബന്ധമായും സൂംബ കളിക്കണമെന്നും വസ്ത്രധാരണത്തിൽ മാറ്റം വരുത്തണമെന്നും നിർബന്ധമില്ലെങ്കിൽ ഞങ്ങൾ ഉയർത്തിയ ആശങ്ക ദൂരീകരിക്കപ്പെട്ടുവന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.

ആശങ്ക അറിയിച്ചതാണെന്നും പ്രതിഷേധ സമ്മേളനം നടത്തി സർക്കാരിനെതിരെ രം​ഗത്ത് വന്നിരുന്നില്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. പ്രതിഷേധം ​ഗവൺമെൻ്റിനെ അറിയിച്ചിരുന്നു. ​ഗവൺമെൻ്റ് കൃത്യമായ മറുപടി നൽകി. സൂംബ ഡാൻസ് നടപ്പിലാക്കുന്നതിൽ സർക്കാർ നിർബന്ധബുദ്ധിയോടെ ഇടപെടുന്നത് പറ്റില്ലെന്നതായിരുന്നു നിലപാട് എന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. മന്ത്രി ഈ വിഷയത്തിൽ വ്യക്തത വരുത്തുമ്പോഴും ചില സ്കൂളുകൾ ഈ വിഷയം ദുരുപയോ​ഗിക്കില്ലെന്നത് സർക്കാർ ഉറപ്പാക്കണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ സ്കൂളുകൾ കുട്ടികളെയോ രക്ഷിതാക്കളെയോ നിർബന്ധിക്കില്ലെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണം. അതിനാൽ തന്നെ ഇത്തരം വിഷയങ്ങളിലുള്ള ചർച്ച അനിവാര്യമാണെന്നും അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. സമസ്ത സൂംബ വിഷയത്തിൽ പ്രതിഷേധവുമായി ഔദ്യോ​ഗികമായി രംഗത്ത് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post