എറണാകുളം: എറണാകുളം ഇടപ്പള്ളി അൽഅമീൻ സ്ക്കൂളിൽ പരീക്ഷ എഴുതി മടങ്ങിയ കുട്ടിയെ കാണാനില്ലെന്ന് പരാതി. കൊച്ചി കടവന്ത്രയിലെ കസ്തൂർബാ നഗറിലെ ഷിഹാബുദീൻ്റെ മകൻ മുഹമ്മദ് ഷിഫാനെ (13) യാണ് കാണാതായത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിൻ്റെ വീട് തിരുവനന്തപുരം ഭാഗത്താണ്. ആയതിനാൽ തിരുവനന്തപുരം ഭാഗം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കുട്ടി ഇടപ്പള്ളി ലുലുമാളിൻ്റെ മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ലുലുവിന്റെ മുന്നിൽ എത്തുന്നതു വരെ കൂടെ കുട്ടിയേക്കാൾ പ്രായമുള്ള പെൺകുട്ടിയും ഉള്ളതായി പൊലീസ് അറിയിച്ചു. കുട്ടിയെ 11.40ന് വാഴക്കാലയിൽ കണ്ടതായി ബസ് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ബസിലെ സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയാണ്. കയ്യിൽ ബാഗ് ഇല്ലാതിരുന്നത് സംശയം ഉണ്ടാക്കിയെന്നും ജീവനക്കാർ പറഞ്ഞു.
കുട്ടി തിരിച്ചെത്തുമെന്നു കരുതി രണ്ടു മണി വരെ കാത്തിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. എന്നിട്ടും വരാത്തതിനെ തുടർന്ന് മൂന്നു മണിയോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.