ഇയ്യാട്: പൊട്ടിപൊളിഞ്ഞ ഇയ്യാട്-കപ്പുറം റോഡ് മഴ പെയ്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ട് ചെളിക്കുളമായി മാറി. ഈ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കുട്ടികളുമായി പോകുന്ന ഇരുചക്ര വാഹനങ്ങൾ, കൂടുതലും സ്ത്രീകളായ സ്കൂട്ടർ യാത്രക്കാർ അപടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അധികൃതർ കണ്ണ് തുറന്നില്ലെങ്കിൽ വലിയൊരു അപകടത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ നിന്നും തുടങ്ങി ഇയ്യാട് അങ്ങാടിയിൽ അവസാനിക്കുന്ന റോഡ് പ്രധാനമന്ത്രി ദേശീയ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. മഴക്കാലമായതോടെ റോഡ് പൂർണമായും ഗതാഗതയോഗ്യമല്ലാതായി മാറി. വട്ടോളി ബസാറിൽ നിന്നും കപ്പുറം-ഇയ്യാട് ഭാഗത്തേക്കുള്ള പ്രധാന റോഡാണ് പൂർണമായും തകർന്നിരിക്കുന്നത്.
സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റോഡ് തകർന്നതോടെ പലപ്പോഴും ബസ് സർവീസ് നിർത്തിവെക്കുകയാണ്. ഓട്ടോറിക്ഷയും വരാത്ത അവസ്ഥയാണ്. ഓവുചാലിന്റെയും കലുങ്കുകളുടെയും പണി നടക്കുന്നതിനാൽ പലയിടങ്ങളിലും കുണ്ടുംകുഴിയുമാണ്. റോഡ് നിർമ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ റോഡരികിൽ തള്ളിയതും ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. കപ്പുറം ഭാഗത്തുനിന്നും കുറുങ്ങോട്ടുപാറ ഭാഗത്തുനിന്നും ബാലുശ്ശേരി വട്ടോളിയിൽ എത്താൻ മറ്റുമാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾ യാത്രാദുരിതം അനുഭവിക്കുകയാണ്.
മഴ ശക്തമാക്കുന്നതിന് മുൻപ് റോഡ് പണിതീർക്കുമെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. എന്നാൽ പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ അടുത്ത കാലത്തൊന്നും പണിതീരാത്ത സ്ഥിതിയാണുള്ളത്. റോഡ് പണി പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.