Trending

പേരാമ്പ്ര പാലേരിയിലെ കഞ്ചാവ് കേസ്; ഒളിവിൽപോയ മുഖ്യപ്രതി പിടിയിൽ


പേരാമ്പ്ര: പേരാമ്പ്ര പാലേരിയിലെ കഞ്ചാവ് കേസിൽ രക്ഷപ്പെട്ട് ഒളിവില്‍പോയ മുഖ്യപ്രതി പിടിയില്‍. കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ ഇയാൾ പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോവുകയായിരുന്നു. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടകവീട്ടില്‍ താമസിച്ച് എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ഒരു പെണ്‍കുട്ടിയെ കാണാതായ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ ലഭിച്ചത് കന്നാട്ടിയിലെ വാടക വീട്ടിലായിരുന്നു. എന്നാല്‍ ഇവിടെ പെണ്‍കുട്ടിയെ പൊലീസിന് കണ്ടെത്താനായില്ല. സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പരിശോധന നടത്തുകയും വീട്ടില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. 

പ്രതികളിൽ ഒരാളായ നാദാപുരം കരിങ്കാണിന്റവിട ഷഹീറിനെ (38) നെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതിയായ അമീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഷഹീറിനെ പേരാമ്പ്ര പൊലീസ് കുറ്റ്യാടി പൊലീസിന് കൈമാറി. അമീറിനെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മറ്റൊരു കേസില്‍ അമീർ അറസ്റ്റിലായത്. 

കോടതി റിമാന്റ് ചെയ്ത അമീറിനെ പേരാമ്പ്ര പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ കന്നാട്ടിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Post a Comment

Previous Post Next Post