ഉള്ളിയേരി: ഉള്ളിയേരി കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവിന് പരിക്ക്. കൊയിലാണ്ടി പൂക്കാട് സ്വദേശിയായ കൺസെക്ഷൻ എഞ്ചിനിയർ ധ്രുവിത് (40)ന് ആണ് പരിക്കേറ്റത്. സ്ഥിരം അപകട മേഖലയായ ഉള്ളിയേരി പത്തൊൻപതാം മൈലിൽ പുളിയാൻങ്കണ്ടി താഴെ റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും ഇറങ്ങുകയായിരുന്ന ധ്രുവിത്തിനെ ഗുഡ്സ് ഓട്ടോ വന്ന് ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ധ്രുവിത്തിനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതുവഴി വന്ന മറ്റു വാഹനയാത്രക്കാർ ആരും തന്നെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ എരമംഗലത്ത് നിന്നും ആംബുലൻസ് വിളിച്ചുവരുത്തിയാണ് നാട്ടുകാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.